Call Us96561 01105


ഒരു കുഞ്ഞ് പിറന്നാൽ ഉടൻ തന്നെ, നമ്മൾ ഏവരും മനസ്സിൽ ഉറപ്പിക്കുന്ന ഒരു കാര്യമുണ്ട്. "എൻറെ കുഞ്ഞിനെ നന്നായി വളർത്തണം. പഠിപ്പിച്ച് വലിയ ഉയരങ്ങളിൽ എത്തിക്കണം." ഇതാണ് യഥാർത്ഥത്തിൽ നമ്മൾ വരുത്തുന്ന ആദ്യത്തെ വീഴ്ച. എന്തെന്നാൽ, വളരെ ചെറുപ്രായത്തിൽ തന്നെ അവരുടെ അഭിരുചി അറിയാതെയാണ് നമ്മൾ അവരെ സമീപിക്കുന്നതെന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്. അതിനാൽ, അവനവനാൽ കഴിയും വിധം അവസരങ്ങൾ കുഞ്ഞുങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് വേണ്ടത്. വിവിധതരം നിറങ്ങളിലുള്ള വസ്ത്രങ്ങളും, വ്യത്യസ്തയിനം കളിപ്പാട്ടങ്ങളും, സംഗീതവും അവർക്ക് പരിചിതമാക്കാൻ ശ്രദ്ധിക്കുക. അവർ തന്നെ നിശ്ചയിക്കട്ടെ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ. കഴിയുമെങ്കിൽ ഓരോ നിമിഷവും ജീവിതത്തെ അടുത്തറിയാൻ അവർക്ക് അവസരമൊരുക്കുക. അവരുടെ ആഗ്രഹങ്ങളുടെ വലിപ്പച്ചെറുപ്പങ്ങൾ നമ്മൾ തന്നെ നിശ്ചയിക്കേണ്ടതില്ല. അതവർ സ്വയം കണ്ടെത്തട്ടെ.


ഓരോ കുഞ്ഞും ഒരു പുതുജീനാണ്. ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ, കുഞ്ഞിനോടൊപ്പം വളരാനുള്ള സന്നദ്ധതയും മാതാപിതാക്കൾക്കുണ്ടാവണം. ഏറ്റവും ആദ്യം നമ്മൾ ഓർക്കേണ്ട കാര്യം ഇതാണ്. അവരിൽ നിന്ന് നമുക്കും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനുണ്ട്. കുഞ്ഞുങ്ങളും മാതാപിതാക്കളും തമ്മിൽ മുഖ്യമായി ഒരു അന്തരം മാത്രമേ ഉള്ളൂ. അത്, അനുഭവങ്ങളുടേത് മാത്രമാണ്. അതിൻറെ പേരിലുള്ള വലിപ്പം മാത്രമേ നമുക്ക് അവർക്ക് മുന്നിൽ അവകാശപ്പെടാൻ ഉള്ളൂ. ഉദാഹരണത്തിന്, നന്നായി സംസാരിക്കാൻ തുടങ്ങിയതും, പറഞ്ഞാൽ മനസ്സിലാക്കുവാൻ തുടങ്ങിയതുമായ ഒരു കുഞ്ഞ് തീയിനെ സമീപിക്കുമ്പോൾ, പൊള്ളുമെന്ന് താക്കീത് നൽകാം. അതിൽ പതിയിരിക്കുന്ന അപകടങ്ങളക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാം, മറിച്ച് തീ എന്നുള്ള അനുഭവം എന്താണെന്ന് അവർക്ക് മുന്നിൽ എത്ര കാലം നിഷേധിച്ചു വെക്കും?


അനുഭവത്തിന്റെ വെളിച്ചം പകരുന്നതോടൊപ്പം, അവരെ നമ്മൾ ഉള്ളിൽ സൂക്ഷിച്ച് പോരുന്ന ഭയത്തിൻറെ കൂടെ അടിമയാക്കാതിരിക്കാൻ ശ്രദ്ധിക്കുക. അവരെ ലോകം കാണാൻ പഠിപ്പിക്കുക, അവരുടെ കണ്ണൂകളിലൂടെ തന്നെ. നാളെയുടെ വ്യക്തിത്വം കാത്ത് സൂക്ഷിക്കേണ്ട ഇവർ, സ്വന്തമായി അഭിപ്രായസ്വാതന്ത്ര്യം ഉള്ളവരായി ജീവിച്ച് ശീലിക്കേണ്ടത് അത്യാവശ്യമാണ്. നാളെ നമ്മുടെ അഭാവത്തിലും, സ്വന്തം ജീവിതം സധൈര്യം മുന്നോട്ട് കൊണ്ട് പോകാൻ അവർ പ്രാപ്തരായിരിക്കണം. അതാണ് മാതാപിതാക്കൾ എന്ന നിലയിൽ നമ്മുടെ പ്രാഥമിക ദൗത്യം.

Shop wherever you go