Call Us96561 01105
അമ്മയാകും മുൻപേ ഓരോ സ്ത്രീക്കും ഒരുപാട് കുഞ്ഞു കുഞ്ഞു സങ്കല്പങ്ങളുണ്ടാകും. കുഞ്ഞിനെ എങ്ങനെ നോക്കി വളർത്തണം; എന്തെല്ലാം നൽകണം; എന്തൊക്കെ പഠിപ്പിക്കണം; അങ്ങനെ നൂറുനൂറു കാര്യങ്ങൾ. പക്ഷേ, കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ടാകും നിങ്ങളുടെ കുസൃതിക്കുരുന്നിൻറെ എൻട്രി. കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ് അവരുടെ കുട്ടിക്കാലം. എന്നിരുന്നാലും, ശ്രദ്ധ അമിതമായാലും ദോഷകരം ആകാം. മാതൃത്വത്തിലേക്ക് ചുവട് വെക്കുന്ന സ്ത്രീകൾ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്.
 
കുഞ്ഞുങ്ങൾ നിങ്ങളിലൂടെയാണ് ഈ ലോകം കണ്ടു തുടങ്ങുന്നത്. അതിനാൽ, വിശാലമായൊരു വീക്ഷണകോൺ അവർക്ക് വേണ്ടി തുറന്ന് കാട്ടേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവർ വളരുന്നതോടൊപ്പം, നമ്മളും വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അവരെക്കാൾ നമ്മൾ എല്ലാം കൊണ്ടും അറിവുള്ളവരാണെന്ന് ധരിക്കരുത്. അവർക്ക് മേൽ നമുക്ക് ആകെയുള്ള മേൽക്കൈ എന്തെന്നാൽ അനുഭവസമ്പത്ത് എന്നത് മാത്രമാണ്.

അനുഭവത്തിൻറെ വെളിച്ചത്തിൽ നമ്മുടെ അറിവ് അവരെ പാകപ്പെടുത്താനായി വിനിയോഗിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. കൂടാതെ അവരുടെ ഒപ്പം നിന്ന് അവരുടെ ഇഷ്ട്ടാനിഷ്ടങ്ങൾ അറിഞ്ഞു അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല സുഹൃത്ത് കൂടി ആവാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ പ്രതിസന്ധിയിലും ഒപ്പം നിൽക്കുന്നതോടൊപ്പം, അവരെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും അത്യാവശ്യമാണ്.

വളർച്ചയുടെ ഓരോ ഘട്ടത്തിലും, അവരുടെ പ്രവൃത്തികളുടെ അനന്തരഫലം എന്തൊക്കെയാവാം എന്ന് സ്വയം ബോധ്യമുണ്ടാകുവാൻ ഓരോ സന്ദർഭത്തിലൂടെയും അവർക്ക് പരിശീലനം നൽകേണ്ടതുണ്ട്. അവർക്ക് ഏർപ്പെടുത്തുന്ന ഓരോ വിലക്കുകളും അവരുടെ സ്വപ്നങ്ങൾക്ക് മേലുള്ള കടിഞ്ഞാണുകൾ ആണെന്ന് നാം ഓർക്കേണ്ടതുണ്ട്. അതിനാൽ, അനാവശ്യമായ ഉത്കണ്ഠകൾ കാരണം അവർക്ക് പരിധികൾ നിശ്ചയിക്കാതിരിക്കുക എന്നതും പ്രധാനമാണ്. 


അവർ പറന്നുയരുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ചിറകുകൾ സ്വാതന്ത്രമായിരിക്കട്ടെ. 
അവരുടെ വിജയം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ചിന്തകൾ സ്വന്തന്ത്രമായിരിക്കട്ടെ. 

Shop wherever you go