Call Us96561 01105
അമ്മയുടെ സ്നേഹം നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. കാരണം, അവരുടെ ഇഷ്ടങ്ങളിൽ മുൻഗണന നമ്മുടെ ഇഷ്ടത്തിനും സൗകര്യത്തിനുമാണ്. എന്നാൽ ഒരു അമ്മയാവുമ്പോഴാണ്, ആ സ്നേഹത്തിൻറെ ആഴവും പരപ്പും നമുക്ക് അറിയാൻ സാധിക്കുന്നത്. എത്ര മാത്രം കറയറ്റതാണ് ആ അനുഭൂതി എന്ന് തിരിച്ചറിയാൻ നമ്മൾ ഒരുപാട് വൈകിപ്പോകുന്നു.

കുട്ടിക്കാലത്ത്, സ്കൂളിലേക്കുള്ള ഓട്ടത്തിനിടയിൽ സ്കിപ്പ് ചെയ്യാറുള്ള ബ്രേക്ക്ഫാസ്റ്റിൽ തുടങ്ങി, കൗമാരക്കാലത്തുള്ള നമ്മുടെ മുൻശുണ്ടി വരെ എല്ലാം, അമ്മമാർക്ക് വലിയ ടെൻഷൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പക്ഷേ അവരുടെ അല്ലലുകൾ കാണാനും മനസ്സിലാക്കുവാനും, വർഷത്തിലൊരിക്കൽ മാത്രം വരുന്ന മദേഴ്സ് ഡേയോ, അമ്മയുടെ ബർത്ത് ഡേയോ വരണം എന്ന് വെച്ചാൽ, അത് അത്ര സുഖകരമല്ല.

നമ്മൾ വളരുമ്പോൾ, പല കാര്യങ്ങളിലും നമ്മുടെ മുൻഗണനാക്രമം മാറുന്നു. അച്ഛനമ്മമാർക്ക് കൊടുക്കേണ്ട ശ്രദ്ധ പോലും നമ്മൾ പലപ്പോഴായി അവഗണിക്കുന്നു. ഇതൊന്നും മറ്റൊരാൾ നമ്മെ ഓർമിപ്പിക്കേണ്ട അവസ്ഥ വരുത്താതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇതെല്ലാം സ്വയം കണ്ടറിഞ്ഞ്, അവർക്ക് ആവശ്യമായ സ്നേഹവും പരിചരണവും നാം പൂർണ മനസ്സോടെ നൽകാൻ ശ്രദ്ധിക്കണം.

കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല. ഓഫീസ് ടൈം കഴിഞ്ഞെത്തിയാൽ കുറച്ചു നേരം അമ്മയോടൊപ്പം കൊച്ചു വർത്തമാനം പറയാൻ ഇരിക്കാം. അമ്മക്കും നിങ്ങൾക്കും ഇപ്പോൾ ഒരുപോലെ താല്പര്യമുള്ള വിഷയങ്ങൾ ദുർലഭം ആയിരിക്കാം. പക്ഷേ, അവർക്കു പറയാനുള്ളതു കേൾക്കാൻ കുറച്ചു നേരം മാറ്റി വെക്കാം. ഇത്രയൊക്കെയേ അവരും ആഗ്രഹിക്കുന്നുള്ളൂ.

അമ്മ ഒരിക്കൽ പോലും, നമ്മുടെ സന്തോഷത്തിൽ കവിഞ്ഞ് ഒന്നും ആഗ്രഹിച്ചിട്ടില്ല. അമ്മയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിയാൻ നമ്മൾ ശ്രമിച്ചിട്ടുമില്ല. ഇത് തീർത്തും വൈകാരികമായൊരു തിരിഞ്ഞു നോട്ടം മാത്രമല്ല. ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. അമ്മയെ പോലെ അമ്മ മാത്രം എന്ന സത്യം തിരിച്ചറിയാൻ ഇനിയും വൈകിയിട്ടില്ല എന്ന ഓർമ്മപ്പെടുത്തൽ.

Shop wherever you go